Saturday 11 February 2023

ഇഖാല

ഏറെ നാളത്തെ അലച്ചിലിനും ഉറക്കമറ്റ പാതിരാവുകൾക്കും ശേഷം ഡെൽറ്റ എമിറേറ്റസ് എന്നകോൺട്രാക്ടിങ് കമ്പനിയിൽ ജോലിക്കു കയറി ഓഫീസ് സെക്രട്ടറിയായിട്ടായിരുന്നു പോസ്റ്റ് പരിചയക്കാരൻ വഴിയുള്ള പിൻവാതിൽ പോസ്റ്റിങ്ങ് ആയിരുന്നു . ആസമയം ഈ ജോലി ലഭിച്ചതിന്റെആശ്വാസം ചെറുതായിരുന്നില്ല. പാതി പട്ടിണിയുടെ പിടിവീണ ദിവസങ്ങളിലായിരുന്നു അപ്പോൾ . വിസയിൽ കുറച്ചധികം പ്രശ്‍നങ്ങളുണ്ടായിരുന്നു അതുകൊണ്ട് തന്നെ സ്ഥിരമായി വിസമാറ്റാവുന്ന ഒരു ജോലി ലഭിക്കുക എനിക്ക് എളുപ്പമായിരുന്നില്ല എത്രയെത്ര കമ്പനികൾ എത്രമാത്രം ഇന്റർവ്യൂകൾ ഒരു വിധം ജോലി തരപ്പെടുമ്പോൾ പഴയകമ്പനി റിലീസ്അനുവദിക്കില്ല കിട്ടിയ ജോലി പാതിയിൽ നഷ്ടപ്പെടും ഇവിടെ നിന്നുകൊണ്ട് അതെല്ലാംശരിയാക്കി എടുക്കണം ഈ ജോലിയെക്കാൾ ഈകമ്പനിയുടെ ചെയർമാൻ വഴി വിസയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയണം (നിലവിൽ എൻ്റെ വിസ മറ്റൊരു കമ്പനിയുടേതാണ് ആ ജോലിയിൽ നിന്ന് അവരുടെ അനുവാദമില്ലാതെ പുറത്ത് ചാടിയതാണ് പഴയ കമ്പനിയുടെ പി ആർ ഒ എന്നെ കാണ്മാനില്ല എന്ന് എമിഗ്രേഷൻ ഡിപ്പാർട് മെന്റിൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ഒരു സുഹൃത്ത് വഴി അറിഞ്ഞിരുന്നു) അബു ഉംറാദ് എന്ന സ്വദേശിയാണ് ഇപ്പോഴുള്ള കമ്പനി ചെയർമാൻ സി ഐ ഡി വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ കൂടിയാണ് അറബി. ലബനോൻ കാരൻ ജോർജ് അബു ഫദൽ ആയിരുന്നു ജനറൽ മാനേജർ പിന്നെ ഇറാനിയൻ ഷെഹാദ് , പിലിപ്പിനോസ് പെൺകുട്ടികൾ തുടങ്ങി പതിനൊന്ന് പേരായിരുന്നു ഓഫിസിൽ ജോലിക്കുള്ളത് . കൂടാതെ സൈറ്റിൽ പണിയെടുക്കുന്ന ബംഗാളികളും .ശ്രീലങ്കൻ തമിഴരും കൂട്ടത്തിൽ മലായാളികൾ കുറവായിരുന്നു . ഓഫിസിൽ ഏക ഇന്ത്യൻ ഞാൻ മാത്രാമായിരുന്നു എന്നുള്ളത് എന്നെ അത്ഭുത പ്പെടുത്തി . രാവിലെ എട്ടു മണിമുതൽ ഉച്ചക്ക് ഒരുമണിവരെ, വൈകീട്ട് ആറ് മണിമുതൽ എട്ട് മണിവരെ ഇതായിരുന്നു ഓഫീസിന്റെ സമയക്രമം ഇറാനിയൻ വംശജനായ മഹ്തൂബ് , റിസപ്‌ഷനിസ്റ്റായ ബെനിൽഡ രണ്ട് പേരും ജോലിയിൽ എന്നെ വല്ലാതെ സഹായിച്ചു എക്സ്പീരിയൻസ് ഇല്ലാതെ പുതിയ ജോലിയിൽ പ്രവേശിച്ചതിന്റെ ബുദ്ധിമുട്ടുകൾ ഏറെയുണ്ടായിരുന്നു . ദിവസവും രാവിലെ മെയിൽ ചെക്ക് ചെയ്യണം പ്രിന്റ് മാനേജർക്ക് കൈമാറണം ആവശ്യം വേണ്ട മറുപടികൾ തിരിച്ചയക്കണം കമ്പനികൾ അയക്കുന്ന കൊട്ടേഷൻസ് സൂക്ഷമതയോടെ നോക്കണം , വർക്ക് സൈറ്റിലെ ജോലിക്കാരുടെ വർക്ക് ഷീറ്റ് കണക്കുകൂട്ടി സബ്മിറ്റ് ചെയ്യണം ഇങ്ങനെയൊക്കെയാണ് ജോലിയുടെ സ്വാഭാവം എന്തായാലും ഞാൻ ജോലിയുമായി പൊരുത്തപ്പെട്ടു തുടങ്ങി സന്തോഷത്തോടെ ജോലിയിൽ തുടർന്നു . ഒരു താനൂർക്കാരൻ മലയാളി അവൻ ഓഫീസിൽ ദിവസവും അൽ ഖലീജ് പാത്രവുമായി വരും തിരക്കില്ലാത്ത സമയത്ത് ഞാനവന് ടർക്കിഷ് കോഫി ഉണ്ടാക്കി കൊടുക്കും ബ്രൗൺ കാപ്പിക്കുരുവും കറുപ്പ് കാപ്പി കുരുവും പൊടിച്ചാണ് ടർക്കിഷ് കോഫി ഉണ്ടാക്കുക മധുരം ചേർക്കാതെ വളരെ ചെറിയ കപ്പിൽ ഞാൻ അവന് കൊടുക്കും ആദ്യം കുടിക്കുന്നയാൾക്ക് വലിയ പ്രയാസം തോന്നുമെങ്കിലും പിന്നെ പിന്നെ അതിനോളം രുചി മറ്റൊരു കാപ്പിക്കും അനുഭവപ്പെടില്ല കാപ്പി അവൻ നല്ലപോലെ പോലെ ആസ്വദിച്ചു കുടിക്കാൻ തുടങ്ങി ഇപ്പോൾ അറബ് പത്രത്തോടൊപ്പം എനിക്കൊരു മലയാള പത്രവും അവൻ സൗജന്യമായി തരാൻ തുടങ്ങി , ജോലി കഴിഞ്ഞു മടങ്ങുന്ന സമയങ്ങളിൽ ഞാൻ അവൻ്റെ മുറിയിൽ പോകും എനിക്ക് വേണ്ട ആനുകാലികങ്ങളും അവൻ സ്നേഹത്തോടെ തരും വായിച്ചു കഴിഞ്ഞാൽ ഞാൻ അവന് തിരിച്ചു നൽകും . ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന എന്നെ പോലുള്ള ഒരാൾക്ക് പത്രങ്ങളും ആനുകാലികങ്ങളും പണം കൊടുത്തു വാങ്ങുക അത്രമേൽ പ്രയാസകരമാണ് . പെട്ടെന്ന് ഓഫീസ് ജാഗരൂകമാകും വരാന്തയിൽ നിന്ന് കന്തൂറ ഉലയുന്നതിൻറെ ശബ്ദം കേൾക്കും കമ്പനി ചെയർമാൻ അറബി അബുഉമ്രാദ് നിമിഷങ്ങൾക്കകം ഓഫീസിനുള്ളിൽ എത്തും എല്ലാവരും എഴുന്നേറ്റ് സലാം ചൊല്ലും വഅലൈക്കുംമുസ്സലാം എല്ലാവരോടും പുഞ്ചിരിച്ച് കൊണ്ട് സലാം മടക്കും എന്നോടും റിസപ്‌ഷനിസ്റ്റ് പിലിപ്പിനോ പെണ്ണിനോടും ഒഴികെ പിന്നെ മാനേജരുമായി കാബിനുള്ളിൽ ചർച്ചയിലാകും ഞാൻ അദ്ദേഹത്തിന് കോഫി കൊടുക്കും ഒരുദിവസം ചെയർമാൻ എന്നെ കാബിനുള്ളിലേക്ക് വിളിപ്പിച്ചു അദ്ദേഹത്തിൻറെ കയ്യിൽ എൻ്റെ പാസ്സ്‌പോർട്ട് കണ്ടു നീ മുസൽമാൻ ആണോ ഞാൻ ഒന്ന് ഞെട്ടി എങ്കിലും ഞാൻ ചിരിച്ച് കൊണ്ട് അതെ എന്ന് മറുപടി നൽകി എൻ്റെ പേരിൽ മുസൽമാൻ എന്ന് തോന്നിപ്പിക്കുന്ന ലക്ഷണം ഒന്നും കാണാനാവില്ല പാസ്സ്പോർട്ടിൽ വാപ്പയുടെ പേരിന്റെ സ്ഥാനത്ത് മുഹമ്മദ് എന്ന് കണ്ടത്കൊണ്ടാവണം ഇത്തരം ചോദ്യമുണ്ടായത് എന്നെനിക്ക് മനസ്സിലായി . വിസ കമ്പനിയിലേക്ക് മാറ്റാമെന്ന് ചെയർമാൻ എനിക്ക് ഉറപ്പുനൽകി മാത്രമല്ല പിന്നീട് ഞാൻ അദ്ദേഹത്തോട് സലാം ചൊല്ലുമ്പോഴൊക്കെ തിരിച്ചും സലാം ചൊല്ലി തുടങ്ങി അതെനിക്ക് എന്തെന്നില്ലാത്ത സന്തോഷം നൽകി ചില ദിവസങ്ങളിൽ രാവിലെ മാനേജർ ജോർജ് അബു ഫദൽ നോടൊപ്പം ജോലി നടക്കുന്ന സൈറ്റുകളിൽ പോകും ജോലിയുടെ പുരോഗതികൾ നോക്കും സൂപ്പർ വൈസറോട് മാനേജർ കാര്യങ്ങൾ തിരക്കുന്നതും ഉച്ചത്തിൽ ശകാരിക്കുന്നതും കാണാം , ഞാൻ സൂപ്പർ വൈസറെ വർക്ക് ഷീറ്റ് കാണിക്കും ഓരോ ജോലിക്കാരും വന്ന് വർക്ക് ഷീറ്റിൽ ഒപ്പു വെക്കും ചില മലയാളികളും തമിഴരും എന്നോട് പരാതികൾ പറയും , ഞാൻ മാനേജരോട് ധരിപ്പിക്കാം എന്ന് പറയും അങ്ങനെ സമാധാനിപ്പിക്കാൻ അല്ലാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല തിരികെ മടങ്ങുമ്പോഴേക്കും ഉച്ചയാകും ജോർജ് അബു ഫദൽ എന്നെ പാതിവഴിയിൽ ഇറക്കും ഞാൻ റൂമിലേക്ക് മടങ്ങും വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ശേഷം അബുദാബി സോഷ്യൽ സെന്ററിൽ പോകും കുറേനേരം ലൈബ്രറിയിൽ ചിലവഴിക്കും ഏതെങ്കിലും പുസ്തകമെടുത്ത് മടങ്ങും വഴി അബുദാബി കൾച്ചറൽ സെൻററിൽ പോകും പോയറ്റ്സ് കോർണറിൽ കവികളായ അസ്‌മോ പുത്തൻചിറയും ,കമറുദ്ധീൻ ആമയത്തെ കാണും വിവിധ രാജ്യക്കാരായ മറ്റു കവികളെ കാണും ,കവിതകേൾക്കും മടക്കം വളരെ വൈകും , തിരികെ വരുമ്പോൾ റോഡരികിൽ ശരീരം വിൽക്കുന്ന റഷ്യൻ വനിതകളെ കാണാം ചില മലയാളികൾ അവരോട് വിലപേശുന്നത് കാണും . ഒരു ദിവസം എൻ്റെ സുഹൃത്ത് ആവശ്യക്കാരനല്ലാതിരുന്നിട്ടും അവരുമായി വിലയിൽ തർക്കിക്കുന്നത് കണ്ടിട്ടുണ്ട് വില പിന്നെയും പിന്നെയും അവർ കുറച്ച് പറയുന്നത് കേട്ട് അവൻ പൊട്ടി പൊട്ടി ചിരിക്കും ,അവൻ്റെ ക്രുരതയിൽ എനിക്ക് തമാശ തോന്നിയിട്ടില്ല , എനിക്ക് ചിരിക്കാനും കഴിയുമായിരുന്നില്ല ആദ്യമൊക്കെ റോഡരികിൽ ഇവരെ കാണുമ്പോൾ അറബ് രാജ്യത്തിൽ ഇത്രക്ക് സുഗമമാണോ വേശ്യാവൃത്തി എന്ന് അത്ഭുതപെട്ടിട്ടുണ്ട് ആയിടക്കാണ് വെക്കേഷൻ കഴിഞ്ഞു നാട്ടിൽപോയ ജോർജിന്റെ ഭാര്യ ഇഖാല യും മകനും എമിറേറ്റ്സിൽ തിരിച്ചെത്തുന്നത് , അബുദാബി ADCB ബാങ്കിലാണ് ഇഖാലയുടെ ജോലി വെളുത്ത് കൊലുന്നനെ ,തോളറ്റം വരെ മുടിയുള്ള ,ഉയർന്ന മാറിടമുള്ള സുന്ദരിയാണ് ഇഖാല അയഞ്ഞ ടീഷർട്ടും ജീൻസും ധരിച്ച് മൈബൈലിൽ ഉറക്കെ സംസാരിച്ച് മിക്ക രാത്രികളിലും ഇഖാല ഓഫീസിൽ വന്ന് കയറും ചിലപ്പോഴൊക്കെ മകനുമുണ്ടാവും കൂടെ ഇഖാല ജോർജിന്റെ മുറിയിലേക്ക് കയറിപോകും മകൻ എൻ്റെ ടേബിളിൽ വന്നിരിക്കും അവൻ എനിക്ക് ചോക്ക്ലേറ്റുകൾ തരും ഞങ്ങൾ വളരെപ്പെട്ടെന്ന് കൂട്ടായി ഒപ്പം ഇഖാലയും ഓഫീസ് വിട്ടിറങ്ങുന്ന രാത്രിയിൽ ഞങ്ങൾ ഒന്നിച്ച് പുറത്തിറങ്ങും അവരുടെ വാഹനത്തിൽ എന്നെ ഡ്രോപ്പ് ചെയ്യും , ചിലരാത്രികളിൽ സൂപ്പർ മാർക്കറ്റുകളിൽ ഷോപ്പിങ്ങിനിറമ്പോൾ എന്നെയും കൂടെ കൂട്ടും , എനിക്ക് ആവശ്യമുള്ളത് വാങ്ങിച്ചോളൂ എന്ന് നിർബന്ധിക്കും ,ഞാൻ സ്നേഹത്തോടെ ഒഴിഞ്ഞുമാറും ഞങ്ങൾ നേരെ ഇഖാലയുടെ വീട്ടിലേക്ക് പോകും സാധനങ്ങൾ മുറിയിലേക്ക് എടുത്തവെക്കാൻ ഞാൻ അവരെ സഹായിക്കും അവൾ എനിക്ക് പെപ്സിയും ബെന്നിൽ വെണ്ണയും പുരട്ടി തരും പുതിയ ഫ്‌ളാറ്റിലേക്ക് മാറുന്ന ദിവസം മുഴുവൻ സമയവും ഞാൻ അവരെ സഹായിക്കാൻ ജോർജിന്റെയും ഇഖാലയുടെയും കൂടെ കൂടി ഉച്ചക്ക് ഭക്ഷണം ഞങ്ങൾ ഒരുമിച്ചിരുന്നു , ബ്രഡോ ,ബെന്നോ അല്ലങ്കിൽ മറ്റെന്തെങ്കിലും ലാബാനാനി ഫുഡോ ആയിരിക്കും ഉച്ചക്ക് എനിക്കത് സഹിക്കാൻ ആവില്ല ഞാൻ മെല്ലെ വഴുതിമാറാൻ ശ്രമിച്ചു എന്നെ നിർബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മുന്നിൽ വിളമ്പിയ ഭക്ഷണം കണ്ട് കണ്ണ് നിറഞ്ഞുപോയി ഞാൻ അറിയാതെ നേരത്തെ തന്നെ എവിടെ നിന്നോ പാർസൽ വരുത്തിയിരുന്നു . ഒട്ടേറെ വിഭവങ്ങളുള്ള നല്ല ഒന്നാന്തരം കേരളീയ സദ്യ ദിവസങ്ങൾ പലത് പതിവ്പോലെ ജോർജിന്റെ കുടുംബവുമായുള്ള അടുപ്പം സാലറിയിലും പ്രകടമായി ഒരു വെള്ളിയാഴ്ച ദിവസം രാത്രി കൾച്ചറൽ സെന്റററിന്റെ പടവുകളിൽ ഞങ്ങൾ വർത്തമാനിച്ചിരിക്കെ ഇഖാലയുടെ ഫോൺ വിളിവന്നു ഞാൻ അങ്ങോട്ട് വരുന്നുണ്ട് അവിടെ വെയ്റ്റ് ചെയ്യൂ പിന്നെയും ഏതാണ്ട് ഒരുമണിക്കൂറോളം കഴിഞ്ഞു കാണണം ,ആമയവും ,അസ്‌മോക്കയും യാത്രപറഞ്ഞു പിരിഞ്ഞു ഞാൻ ഒറ്റക്കായി എൻ്റെ മുന്നിൽ അവളുടെ വെളുത്ത ലാൻഡ് ക്രൂയ്സർ വന്നു നിന്നു ഞാൻ മുൻസീറ്റിൽ കയറി സീറ്റ് ബെൽറ്റ് ഉറപ്പിച്ചു വണ്ടിക്കുള്ളിൽ ഊദിന്റെ നല്ല സുഗന്ധം വാഹനം ദുബായ് റോഡിലൂടെ ഓടിക്കൊണ്ടിരുന്നു തണുത്ത ശബ്ദത്തിൽ ഏതോ അറബ് ഗായകൻ പാടുന്നു നിനക്ക് വിശക്കുന്നുണ്ടോ ഇല്ലെന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി അവൾ സാൻഡ്വിച്ച് എനിക്ക് നേരെ നീട്ടി കൂടെ ഒരു പാക്കറ്റ് ആപ്പിൾ ജ്യൂസും എനിക്ക് ആശ്വാസം തോന്നി സത്യത്തിൽ നല്ല വിശപ്പുണ്ടായിരുന്നു വാഹനം പിന്നെയും പോയ്കൊണ്ടേ ഇരുന്നു അവൾ ഇടക്കിടെ ചോദിക്കുന്ന ചോദ്യമുണ്ട് നാട്ടിൽ നിന്റെ മമ്മക്ക് സുഖമാണോ ആ ചോദ്യം വീണ്ടും ആവർത്തിച്ചു ഞാൻ സുഖമാണെന്ന് ചിരിച്ചു വാഹനം മെയിൻ റോഡിൽ നിന്ന് മറ്റൊരു റോഡിലേക്ക് തിരിഞ്ഞു വീണ്ടും ഓടി ഇപ്പോൾ രണ്ട് ഭാഗത്തും മരുഭൂമി കാണായി തുടങ്ങി കുറച്ചു ദൂരംകൂടെ പിന്നിട്ടു വാഹനം പതുക്കെ ഒരു വശത്തേക്ക് ചേർത്തുനിർത്തി പുറത്ത് ഇറങ്ങി കൂടെ ഞാനും അവൾ ഒരു സിഗരറ്റിന് തീ പിടിപ്പിച്ചു പുറത്ത് തണുപ്പുണ്ട് കാറ്റും ഒന്ന് ,രണ്ട് വാഹനങ്ങൾ ഞങ്ങളെ കടന്ന് പോയി ചുറ്റും മണൽക്കാടുകൾ ദൂരെ മിന്നുന്ന വെളിച്ചങ്ങൾ കാണുന്നുണ്ട് ഡെസേർട്ട് ക്യാമ്പുകളാണെന്ന് തോന്നുന്നു അൽപ്പ നേരം കഴിഞ്ഞ് മറ്റൊരു വാഹനം ഞങ്ങൾക്ക് പുറകിൽ വന്നു നിന്നു ഡോർ തുറന്ന് അറബ് വേഷക്കാരൻ ഇറങ്ങിവന്നു ഞാൻ ഭയത്തോടെ ഇഖാലയെ നോക്കി എനിക്ക് വിസയില്ലാത്തതാണ് അസ്സലാമു അലൈക്കും അയാൾ ചിരിച്ചു കൊണ്ട് സലാം ചൊല്ലി സുഖമാണോ എന്ന ചോദ്യമെറിഞ്ഞു അറബിയിൽ സംസാരിക്കാൻ തുടങ്ങി പിന്നെ അവർ പരസ്പരം ചുംബിച്ചു ശരീര ഭാഷയിൽ നിന്ന് അവരുടെ ഉടലാകെ പ്രണയം പൂത്തു നിൽക്കുന്നത് പോലെ എനിക്ക് തോന്നി നാളിതുവരെ ഞാൻ കണ്ട ഇഖാല ആയിരുന്നില്ല അവളപ്പോൾ പെട്ടെന്ന് അവളെന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു ആവുമായിരുന്നെങ്കിൽ ഞാൻ ഒരു മഴ പൊതിഞ്ഞുകൊണ്ടുവരുമായിരുന്നേനെ എന്ന് ഞാനും ചിരിച്ചു ഞാൻ തെല്ലകലേക്ക് മാറി നിന്നു കുറച്ചു നേരം കഴിഞ്ഞു ഇഖാല ചിരിച്ചുകൊണ്ട് എന്നോട് കാത്തുനിൽക്കാൻ പറഞ്ഞു . അവർ തോളുകൾ ചേർത്ത് ചിരിച്ച് ഡെസേർട്ട് ക്യാമ്പിന് എതിർദിശയിലേക്ക് സാവധാനത്തിൽ നടന്നു പോയി ഞാൻ ജോർജിനെ മറന്നു അവളുടെ മകനെ മറന്നു രാത്രി വൈകിയിരിക്കുന്നു ഞാൻ അവിടെ ഒറ്റയ്ക്കായി ഭയം പിടികൂടാൻ തുടങ്ങി ആരെങ്കിലും ചോദിച്ചാൽ ഞാൻ എന്ത് പറയും മരുഭൂമിയുടെ തണുപ്പിലേക്ക് ഞാൻ ഇറങ്ങി നടന്നു വാഹനത്തിൽ നിന്ന് ഒറ്റനോട്ടത്തിന്റെ ദൂരമെത്രയോ ഞാൻ അത്രയും നടന്നു തണുത്ത മണ്ണിൽ ഭയത്തോടെ ഇരുന്നു മരുഭൂമിയിലെ രാത്രി ഞാൻ ആദ്യമായി അനുഭവിക്കുകയാണ് ഭയത്തെ മായ്ച്ചു കളഞ്ഞ് മരുഭൂമി എന്നെ ആഴങ്ങളിലേക്ക് വിളിക്കുന്നത് പോലെ തോന്നി പകലിൽ പൗരുഷമുള്ള മരുഭൂമി രാത്രിയിൽ വിഷാദ ചായ്‌വുള്ള ഒരുവളെ പോലെ മലർന്നുകിടന്നു ഈ രാത്രി ഈ ആകാശ ചരിവിൽ കിടന്ന് ഇഖാലയുടെ പ്രണയത്തിൻ്റെ നെഞ്ചിടിപ്പ് കേട്ടു പ്രണയത്തേക്കാൾ സുന്ദരമായി മറ്റെന്തുണ്ടീ ഭൂമിയിൽ എൻ്റെ പ്രിയപ്പെട്ടവളെ ഓർത്തു എൻ്റെ നാടോർത്തു

Wednesday 21 April 2021

ലോഡ്ജ് മുറികളിലെ വിളക്കുകളെല്ലാം ഉറക്കം വിട്ടുണരും ,തെരുവ് പതുക്കെ ആളനക്കം വെക്കും , കടയുടെ പിന്നാമ്പുറത്തെ മുറിയില്‍ വന്ന് സതീശന്‍ എന്നെ കുലുക്കി വിളിക്കും നിര്‍മ്മാല്യം തുടങ്ങി 7.30 വരെ എന്‍റെ ഡ്യൂട്ടി സമയമാണ് ഗുരുവായൂര്‍ കിഴക്കേ നടയില്‍ എലൈറ്റ് ടൂറിസ്റ്റ് ഹോമിന് എതിര്‍വശത്തുള്ള രണ്ട് പീടിക മുറിയിലെ ( കോളജില്‍ നിന്ന് പുറത്താക്കിയതിന്റെ പിറ്റേന്ന് തളച്ചി ട്ടതാണ് വാപ്പ എന്നെ ) കച്ചവടം എന്‍റെ ആയിരുന്നു ഒരു മുറിയില്‍ ഓഡിയോ കാസറ്റുകളുടെ വില്‍പ്പനയും തൊട്ടടുത്ത മുറിയില്‍ ലേഡീസ് ഫാന്‍സി ഷോപ്പും പല്ലുതേച്ച് മുഖം കഴുകി പോസ്റ്റ്‌ ഓഫീസിനു മുന്നിലുള്ള തട്ടുകടയില്‍ നിന്ന് കട്ടന്‍ ചായയും കുടിച്ച് കടയില്‍ തിരിച്ചെത്തുമ്പോഴേക്കും ദാസേട്ടന്‍ മധുരമുള്ള ശബ്ദത്തില്‍ കൃഷ്ണ കീര്‍ത്തനം പാടികൊണ്ടിരി ക്കുന്നുണ്ടാകും , ഞാന്‍ കടയില്‍ കയറും സതീശന്‍ ഡ്യൂട്ടി കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് തിരിക്കും അല്‍പ്പനേരം കഴിഞ്ഞാല്‍ ജീവന്‍ ജിത്തു ഒരു കപ്പ് ചായയുമായി കയറി വരും അടുത്തുള്ള നന്ദിനി ടൂറിസ്റ്റ് ഹോമിലെ റിസപ്ഷനിസ്റ്റ് ആണവന്‍ , എം എ യ്ക്ക് പഠിക്കുന്നു ,രാത്രി റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്യുന്നു . നല്ല തബല വാദ്യാര്‍ കൂടിയാണ് ,അനിയത്തി ദിവ്യ പത്താം ക്ലാസ് തോറ്റ തില്‍ പിന്നെ SBT ബാങ്കിന് താഴെയുള്ള ടെലഫോണ്‍ ബൂത്തില്‍ ജോലി ചെയ്യുന്നു ഒപ്പം പടിഞ്ഞാറേ നടയിലുള്ള ചെമ്പൈ സംഗീത വിദ്യാലയത്തില്‍ പാട്ട് പഠിക്കുന്നു ,അമ്മ ദേവസ്വത്തില്‍ താല്‍കാലിക ജീവനക്കാരി കുടുംബമായി പെരുന്തട്ട അമ്പലത്തിനടുത്ത് വാടക യ്ക്ക്താമസിക്കുന്നു അതേ ടൂറിസ്റ്റ് ഹോമില്‍ രാവിലെ റിസപ്ഷനിസ്റ്റ് ജോലിയിലുള്ളത് ദിനേശനാണ്. ഞാനും,ജീവനും ദിനേശുമായിരുന്നു കൂട്ട് നിര്‍മാല്യം തൊഴുത് ആളുകള്‍ പതുക്കെ മടങ്ങുകയായി ഈ സമയത്ത് ചെറിയ രീതിയില്‍ തിരക്കുണ്ടാവും കടയില്‍ , ജീവന്‍ സെയില്‍സില്‍ എന്നെ സഹായിക്കും , ,മലയാളികള്‍ക്ക് പുറമേ , തമിഴന്മാരും ,കന്നടക്കാരും, തെലുങ്കരും എല്ലാവരും കസ്റ്റമര്‍ ആയി ഉണ്ടാവും അറിയാവുന്ന ആംഗ്യം കൊണ്ടും അല്ലാതെയും പിടിച്ചു നില്‍ക്കും ഞാന്‍ ജീവന്‍ നല്ലപോലെ തമിഴ് സംസാരിക്കും എട്ടര ആവുമ്പോള്‍ എന്‍റെ ജോലി അവസാനിക്കും അപ്പോഴേക്കും സെയില്‍സ് ഗേള്‍സ്‌ എത്തും പത്തുമണി ആവുമ്പോള്‍ വാപ്പയും വരും ഉച്ചവരെ നല്ലപോലെ ഉറങ്ങി വൈകി 5 മണി ആവുമ്പോഴേക്കും തിരികെ ഗുരുവായൂരില്‍ കോഫി ഹൗസിലെ തിരക്കില്ലാത്ത ടേബിളില്‍ വണ്ടി ഇറങ്ങും കോഫി ഹൗസിലെ സ്പെഷ്യല്‍ കോഫിയും പതുക്കെ കുടിച്ച് അങ്ങനെ ഇരിക്കും അക്കാലത്ത് അനുഭവിച്ച സുന്ദരമായ നിറമുള്ള ഏകാന്തതയായിരുന്നു അത് അവിടെ നിന്നിറങ്ങി ദേവസ്വം വക വായനശാലയിലേക്ക് കയറും ,സ്റ്റാണ്ടില്‍ കിടക്കുന്ന ആനുകാലികങ്ങള്‍ മറിച്ച് നോക്കി ലബ്രെ റിയനെ കാണും പുതിയ പുസ്തകങ്ങളില്‍ നിന്ന് എതെങ്കിലു മൊന്നു തിരിഞ്ഞെടുക്കും അപ്പോഴേക്കും പതിവുപോലെ ഡ്യൂട്ടിക്ക് കയറാനുള്ള സമയമാവും കടയുടെ ഉമ്മറത്ത് വെള്ളം തളിച്ച് ,ചന്ദനത്തിരി കത്തിച്ച് പുതിയ ഗുരുവായൂരപ്പ ഭക്തിഗനങ്ങളില്‍ ഏതെങ്കിലും പ്ലേ ചെയ്ത് സെയില്‍സ് ഗേള്‍സ്‌ ഇറങ്ങി പോകും , കാസറ്റ് കടയില്‍ ഞാനും ഫാന്‍സി കടയില്‍ സതീശനും മാത്രമാവും ഇടയ്ക്ക് ദിവ്യ കയറി വരും ദൂരെ നിന്നേ ചിരികാണും , എനിക്കറിയാം എന്നെ സോപ്പിടാനുള്ള വരവാണ് അവള്‍ക്ക് സുബ്ബലക്ഷ്മി യുടെയോ , ബാലമുരളീ കൃഷ്നയുടെയോ ഒന്നുമല്ലങ്കില്‍ ദാസേട്ടന്‍ പാടിയ സെമി ക്ലാസിക് ഗാനങ്ങളുടെ കാസറ്റ് വേണം സീലുപോട്ടിക്കാതെ കാസറ്റ് എടുക്കുന്നത് അവള്‍ക്കറിയാം , കേട്ട് കഴിഞ്ഞാല്‍ അവള്‍ വേഗം മടക്കി തരുകയും ചെയ്യും , അന്നും അല്ലങ്കില്‍ അവള്‍ വരുന്നതെന്നും അതിന് വണ്ടി തന്നെയാകും വരുമ്പോള്‍ പ്രസാദ ത്തിനൊപ്പം കിട്ടുന്ന അവിലും മലരും അവളെനിക്ക്‌ തരും മണ്ഡലകാലം പിറക്കും കറുപ്പ് വിരിക്കും നഗരം ഇരുമുടികെട്ടെടുക്കും സ്വാമിയെ ശരണം ഗുരുവായൂരിലെ കച്ചവടക്കാര്‍ക്ക് സീസനാണ് തെരുവില്‍ കുട വില്‍പ്പനക്കാരും അലുവ കച്ചവടക്കാരും നിറയും അയ്യപ്പ ഗീതങ്ങള്‍ പുലരും വരെ പാടികൊണ്ടിരിക്കും, കടകള്‍ക്കെല്ലാം രാത്രിയും പകലും ഒരു പോലെയാകും നഗരം നിറയെ ഒരേ നിറമുടുത്ത് വിവിധ ഭാഷ സംസാരിക്കും ഞങ്ങള്‍ വില്ല വാടകക്കെടുത്ത് ഓഡിയോ കാസറ്റുകളുടെ ഡുപ്ലിക്കേറ്റു പുലരും വരെ റെക്കോര്‍ഡ് ചെയ്തു കൊണ്ടിരിക്കും , പിന്നെ അത് വില്‍പ്പനക്കിറക്കും ആ മൂന്ന് നാല് മാസകാലം പെട്ടെന്ന് തീരും ഹരിവരാസനം കേട്ട് അയ്യപ്പനുറങ്ങും ആയിടക്ക്‌ ജിത്തുവിന്റെ കുടുംബം തമിഴ്മ നാട്ടിലെ മധുരയിലേക്ക് താമസം മാറി . കുടുംബ വീട് ഭാഗം വെച്ചപ്പോള്‍ അവര്‍ക്ക് സ്വന്തമായി ഇത്തിരി സ്ഥലം കിട്ടി . ജിത്തു ഒഴികെ അമ്മയും ദിവ്യയും മധുരയിലേക്ക് പോയി അഞ്ചെട്ടു മാസം കഴിഞ്ഞ് അവന്റെ കോഴ്സ് തീര്‍ന്നപ്പോള്‍ ജിത്തുവും കൂടെ പോയി നല്ല ഒരു സുഹൃത്ത് കൂടെയില്ലാതത്തിന്റെ നിരാശയുണ്ടായിരുന്നു കുറെനാള്‍ , ഇടയ്ക്ക് ഒക്കെ അവന്‍ വിളിച്ചു പിന്നെ പിന്നെ വിളി കുറഞ്ഞു .അകലം കൂടാന്‍ തുടങ്ങി വാപ്പയ്ക്ക് പ്രമേഹ രോഗം മൂര്‍ച്ചിക്കാന്‍ തുടങ്ങി ,കാഴ്ച്ചകള്‍ മങ്ങി , കണ്ണടകൊണ്ട് കാര്യമില്ലന്നായി, പല ഡോക്ടര്‍ മാരെയും കണ്ടു ഒടുവിലാണ് ദക്ഷിണേന്ത്യയിലെ വലിയ കണ്ണാശുപത്രി യായ മധുരയിലെ അരവിന്ദ് ഐ ഹോസ്പിറ്റലില്‍ പോകാമെന്ന് തീരുമാനിച്ചത് ഞാന്‍ ജിത്തുവിന് ഫോണ്‍ വിളിച്ച് വിവരങ്ങള്‍ പറഞ്ഞു . എലാ സഹായത്തിനും അവനുണ്ടാവുമെന്ന് എനിക്ക് ഉറപ്പു നല്‍കി , അവന് എന്നെയും എനിക്ക് അവനെയും കാണുന്നതിലുള്ള സന്തോഷമുണ്ടായിരുന്നു വാക്കുകളില്‍ . അടുത്ത ദിവസം തന്നെ ഗുരുവായൂരില്‍ നിന്ന് പുലര്‍ച്ചെയുള്ള KSRTC ബസ്സില്‍ ഞങ്ങള്‍ മധുരയിലേക്ക് പുറപ്പെട്ടു വൈകുന്നേരം മധുരയിലെത്തി ആശുപത്രിക്ക് അടുത്തുള്ള ലോഡ്ജില്‍ മുറിയെടുത്തു ഞാന്‍ ജിത്തുവിനെ വിളിച്ച് താമസിക്കുന്ന സ്ഥലവും ROOM നമ്പറും പറഞ്ഞു കൊടുത്തു . പിറ്റേന്ന് രാവിലെ അവന്‍ എത്തി . പരസ്പരം കണ്ടതിലുള്ള സന്തോഷം വാക്കുകള്‍ക്ക് അപ്പുറമായിരുന്നു. രാവിലെ തന്നെ ഞങ്ങള്‍ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു കാ ഴ്ച്ച കൂട്ടാന്‍ മാര്‍ഗ്ഗമൊന്നുമില്ല ,ഉള്ള കാഴ്ച്ച കുറയാതിരിക്കാന്‍ കണ്ണില്‍ ലേസര്‍ ചികിത്സ നടത്തുക . മാത്രമാണ് ഇനി വഴി .ലേസര്‍ ചികിത്സക്ക് രണ്ടു ദിവസത്തിന് ശേഷമുള്ള തിയതിയാണ് കിട്ടിയത് , അതുവരെ അവിടെ തന്നെ താമസിക്കാന്‍ തീരുമാനിച്ചു. ജിത്തു മീനാക്ഷി ക്ഷേത്രത്തിനടുത്ത് പൂകച്ചവടം നടത്തുന്നു .നാളെ കട മറ്റൊരാളെ ഏല്‍പ്പിച്ചു വരാം എന്നേറ്റു അവന്‍ യാത്ര പറഞ്ഞു അന്ന് വൈകുന്നേരം മുഴുവന്‍ ഞാന്‍ തിരക്കുള്ള തെരുവില്‍ ഒറ്റയ്ക്ക് അലഞ്ഞു. പിറ്റേ ദിവസം ഉച്ചയോടെ ജിത്തുവും ,അമ്മയും ,അനുജത്തി ദിവ്യയും ഞങ്ങളെ കാണാന്‍ മുറിയില്‍ വന്നു അമ്മയ്ക്ക് വയ്യാതായിരിക്കുന്നു.ദിവ്യ ഇപ്പോള്‍ മ്യൂസിക് ടീച്ചറാണ് അമ്മയേയും ദിവ്യയെയും തിരികെ വിട്ട് ഞാനും ജിത്തുവും പുറത്തിറങ്ങി സമയം സന്ധ്യയായി ഞങ്ങള്‍ അവന്‍റെ പൂക്കടയിലേക്ക് കയറി നടത്തത്തിനിടയില്‍ അവന്‍ വാതോരാതെ സംസാരിച്ചു . പഴയ കാലങ്ങള്‍ പങ്കുവെച്ച് ഞങ്ങള്‍ പൊട്ടി ചിരിച്ചു. പിന്നെയും നടന്നു ഞങ്ങള്‍ മീനാക്ഷി കോവിലിന്റെ നടയിലേക്ക് കയറി കരിങ്കല്‍ പാകിയ നടപ്പാതയുടെ തണുപ്പ് കാലില്‍ ഇക്കിളിയാട്ടുന്നു എവിടെ നോക്കിയാലും കരിങ്കല്ലില്‍ തീര്‍ത്ത വിസ്മയം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രമാണ് മീനാക്ഷി കോവില്‍ ശിവന്റെയും മീനാക്ഷിയുടെയും വിവാഹം നടന്നത് ഇവിടെ ആണെന്നാണ്‌ ഇതിഹാസം. ഗോപുരം ഇല്ലാത്ത കിഴക്കേ വാതില്‍ വഴി ഞങ്ങള്‍ കോവിലിന്റെ അകത്തേക്ക് കയറി ഈ വാതില്‍ നേരെ മീനാക്ഷിയുടെ സന്നിതിയിലേക്ക് എത്തും . (മിക്കവാറും ക്ഷേത്രങ്ങളില്‍ ആദ്യം ശിവനെയും പിന്നീട് ദേവിയായും ആണ് ദര്‍ശനം ചെയ്യുന്നത്. പക്ഷെ ഇവിടെ മീനാക്ഷിയും പിന്നെ ശിവനെയും ആണ് കാണേണ്ടത് ) എണ്ണവിളക്കുകളും നെയ്യും കര്‍പ്പൂരവും കത്തുന്ന പഴമയുടെ ഗന്ധമാണ് ചുറ്റും ഇരുട്ട് കട്ടപിടിച്ച ഇടനാഴികള്‍ ആയിരത്തി എട്ട് തിരിയിട്ടു കത്തിക്കുന്ന വലിയ കല്‍വിളക്ക് വലിയ കരിങ്കല്‍ വിഗ്രഹത്തിന് താഴെ ഒരാള്‍ ചെറിയ കഷ്ണ ങ്ങളാക്കിയ വെണ്ണ യുടെ ചീളുകള്‍ വില്‍ക്കുന്നു അത് വാങ്ങി വിഗ്രഹത്തിലേക്ക് എറിയും വിഗ്രഹത്തില്‍ കൊണ്ടാല്‍ മനസ്സിലുള്ള ആഗ്രഹം നടക്കുമെന്നാണ് , ഒന്ന് രണ്ടെണ്ണം വാങ്ങി ഞാനും എറിഞ്ഞു നടന്നാല്‍ തീരാത്ത ഇടനാഴികളി ലൂടെ പിന്നെയും നടന്ന് അടുത്തുള്ള കല്‍ പടവുകളിലിരുന്നു , താമരകുളം ചൂണ്ടി കാണിച്ച് അവനല്‍പ്പം പുരാണം പറഞ്ഞു. സംഗകാലകവികള്‍ ഒത്തു ചേര്‍ന്ന് സാഹിത്യസംവാദങ്ങളും കവിസമ്മേളനങ്ങളും നടത്തിയിരുന്നത് ഈ കുളത്തിന്റെ പരിസരങ്ങളിലാണ് ഈ കുളത്തെപ്പറ്റി പ്രചരിച്ചിട്ടുള്ള ഒരു കഥയുണ്ട്. അന്നത്തെ സാഹിത്യചര്‍ച്ചകള്‍ ആരംഭിക്കുന്നതിനു മുന്‍പ് കൃതികള്‍ മുഴുവന്‍ പെറുക്കിക്കൂട്ടി കുളത്തില്‍ എറിഞ്ഞിരുന്നത്രേ. കാമ്പുള്ള കൃതികളാണെങ്കില്‍ വെള്ളത്തില്‍ താണുപോവില്ലെന്നായിരുന്നു വിശ്വാസം! . അന്നത്തെ എഴുത്തുകാരുടെ ഒരുപാട് സൃഷ്ടികള്‍ ഈ കുളത്തില്‍ വീണു കൂമ്പടഞ്ഞു പോയിട്ടുണ്ടാവാം അവനല്‍പ്പം പരിഹാസം കലര്‍ത്തി പറഞ്ഞു നിര്‍ത്തി പിന്നെയും ഏറെ നേരം കഴിഞ്ഞാണ് ഞങ്ങള്‍ പുറത്ത് ഇറങ്ങിയത് അപ്പോഴും പുറത്ത് കൂടകളിലാക്കി കനകാംബരവും മല്ലിപ്പൂവും കൊണ്ട് നടന്നു വില്‍ക്കുന്ന കുട്ടികളുണ്ടായിരുന്നു നടപ്പാത നിറയെ നീ പൊയ്ക്കോ ഇനി ഒറ്റയ്ക്ക് പൊയ്ക്കോളാം ഞാന്‍ പറഞ്ഞു നാളെ ഉച്ചയ്ക്ക് കാണാം എന്ന ഉറപ്പില്‍ ഞങ്ങള്‍ അന്നത്തേക്ക്‌ പിരിഞ്ഞു പിറ്റേന്ന് വെളുപ്പിനെഴുന്നെറ്റ് ആശുപത്രിയില്‍ പോയി ലേസര്‍ അടിച്ചു .ഉച്ചയാവുമ്പോഴേക്കും തിരിച്ചെത്തി . ജിത്തു ഞങ്ങളെ കാത്ത് രിസപ്ഷന്ല്‍ ഇരിപ്പുണ്ടായിരുന്നു പിറ്റേന്ന് രാവിലേക്ക് ഞങ്ങള്‍ക്ക് മടങ്ങാന്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ അവനെ ഏല്‍പ്പിച്ചു .രാത്രി ഭക്ഷണം കഴിക്കാന്‍ അവന്‍റെ വീട്ടിലേക്ക് ഞങ്ങളെ ക്ഷണിച്ചു. സന്ധ്യയോടെ ട്രെയിന്‍ ടിക്കറ്റുമായി ജിത്തു മുറിയില്‍ വന്നു . ഡിന്നറിന് അവന്‍റെ വീട്ടിലേക്ക് ഞാന്‍ മാത്രം പോകാന്‍ തീരുമാനിച്ചു. നഗരത്തിന് പുറത്തേക്ക് അര മണിക്കൂറില്‍ കൂടുതല്‍ സഞ്ചരിക്കണം അവന്‍റെ വീട്ടിലേക്ക് ഒരു പാറ കെട്ടിന് താഴെയുള്ള കൊച്ചു വീടായിരുന്നു അമ്മയും ,ദിവ്യയും സന്തോഷപൂര്‍വ്വം എന്നെ സ്വീകരിച്ചു. ഗുരുവായൂരിലെ വിശേഷങ്ങള്‍ തിരക്കി ,ഞങ്ങള്‍ ഏറെ സംസാരിച്ചു വിശേഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ അത്താഴം കഴിച്ചു പിന്നെ വീടിനോട് ചേര്‍ന്ന ഇടുക്കിലൂടെ ഞങ്ങള്‍ പാറ കെട്ടിന് മുകളിലേക്ക് . കയറി പാറ കെട്ടിന് മുകളിലെ വിശാലത എന്നെ കൊതിപ്പിച്ചു നിലാവില്‍ പാ വിരിച്ച് ഞങ്ങളിരുന്നു . ജിത്തു തബലുമായി കയറിവന്നു ഞാനും അമ്മയും ദിവ്യയും ശ്രോതാക്കളായി ജിത്തു വിന്‍റെ മാന്ത്രിക വിരലുകള്‍ തബല യിലെ പെരുക്കം ഏറ്റെടുത്തു . ജിത്തു നിറത്തിയെടത്തു നിന്ന് ദിവ്യയുടെ ശുദ്ധ സംഗീതം മുഴങ്ങി ദിവ്യ പാടി തബലയില്‍ ജിത്തു നൃത്തം വെച്ചു കര്‍ണ്ണാട്ടിക് സംഗീതത്തില്‍ നിലാവിന്‍റെ ചിലങ്കയൊച്ച കേട്ടുഞാന്‍ ശുദ്ധ സംഗീതം കുടിച്ച് വന്ന കാലില്‍ നിന്ന് രാവ് വളരാന്‍ തുടങ്ങി ആരാത്രി ആ പാറ കെട്ടിനു മുകളില്‍ ഞാന്‍ അവനെയും കെട്ടി പിടിച്ചുറങ്ങി

 മലയാള സാഹിത്യമേ മബ്റൂക് ...


പ്രിയപെട്ട സാര്‍ .
ദിവസങ്ങള്‍ ക്ക് മുന്‍പ് ഞാനൊരു കവിത അയച്ചിരുന്നു .ഇതുവരെയും അത് പ്രക്ഷേപണം ചെയ്തു കണ്ടില്ല .ദയവായി അത് പ്രക്ഷേപണം ചെയ്യരുത് .റേഡിയോ ഉച്ചത്തില്‍ ഇന്ന് വായിക്കും ,നാളെ വായിക്കും എന്നുള്ള നെഞ്ചിടിപ്പോടെ യുള്ള കാത്തിരിപ്പിന്റെ ഒരു സുഖം ഞാന്‍ അനുഭവിക്കുന്നുണ്ട് .ദയവായി അത് ഇല്ലാതാക്കരുത് .
കത്ത് ഏഷ്യാനെറ്റ് റേഡിയോ 657 AM ന്‌ അയച്ചു എന്‍റെ അപേക്ഷ അവര്‍ നിരാകരിച്ചു അടുത്ത ദിവസം അബുദാബിയില്‍ നിന്നിറങ്ങുന്ന അറേബ്യ  വാരികയിലും റേഡിയോയിലും ഒരേ ദിവസം കവിത വന്നു .പിന്നീടും പല കവിതകളും ഒരു അഭിമുഖവും റേഡിയോയില്‍ തന്നെ പ്രക്ഷേപണം ചെയ്തിരുന്നു .ഈ ഭാഗം ആരും തൊടാതെ ഇങ്ങനെയിരിക്കട്ടെ .
ഷെയ്ക്ക് സാഈദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹിയാന്റെ ജോലിയില്ലാത്ത വിസയിലാണ് ഞാന്‍ അബുദാബിയില്‍  എത്തുന്നത് .
കേള്‍ക്കുമ്പോള്‍ ഒരു വൈരുധ്യം തോന്നുമായിരിക്കും ഷെയ്ക്കിന്റെ വിസയില്‍ ജോലിയില്ലെന്ന് എങ്കില്‍ സത്യം അങ്ങനെ തന്നെ ആയിരുന്നു ജോലി നമ്മള്‍ തന്നെ കണ്ട് പിടിക്കണം ജോലി കിട്ടി കഴിഞ്ഞാല്‍ വിസ മാറുന്നതിനുള്ള ഏര്‍പ്പാടുകള്‍ പി .ആര്‍ .ഓ ചെയ്തു തരും അതിന്‌ കൂടിയുള്ള പണം ആദ്യം പി ആര്‍ ഓ ക്ക്  കൊടുത്തിരുന്നു .അക്കാദമിക്ക് യോഗ്യതകളും ,നാട്ടില്‍ ഒരു ജോലിയും ചെയ്തിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റുകളും കക്ഷത്തിലടുക്കി ഓരോ ഓഫീസുകളും കയറി ഇറങ്ങി സി .വി യും കൊടുത്തു ഇന്റര്‍വ്യൂ വിനുള്ള  വിളിയും കാത്ത് മൊബൈല്‍  തലക്കടുത്തുണ്ടെന്നു ഉറപ്പുവരുത്തി മുറിയില്‍ ഉറങ്ങുകയും ,ഉണരുകയും ചെയ്യുന്ന പകലിലാണ് 
കവിതകള്‍   റേഡിയോയിലേക്ക് അയച്ചു കൊടുത്തു കൊണ്ടിരുന്നതും ,വീട്ടിലെ ചിത്രങ്ങളില്‍ നിന്ന് ഒളിച്ചിരിക്കാന്‍ റേഡിയോ തന്നെ കൂട്ടായതും.
ജോലിയില്ലാതിരുന്ന ഈ ദിവസങ്ങളിലൊക്കെ മുറിയുടെ വാടകയും ,എന്‍റെ ഭക്ഷണവും എന്‍റെ ബാല്യ 
സുഹൃത്തും ഒരു ഗ്രോസറിയിലെ ജീവനക്കാരനുമായ ജമാലിന്റെ ചുമതലയായിരുന്നു .മുറിയില്‍ താമസിക്കുന്നതിന് ഒരു നിബന്ടനയെ അവന് ഉണ്ടായിരുന്നുള്ളൂ ,ജോലിയില്ലെന്ന് മുറിയില്‍ ആരും അറിയരുത് , സഹമുറിയന്‍മാര്‍ ജോലിക്കിറങ്ങുമ്പോള്‍ കുളിച്ചൊരുങ്ങി ജോലിക്കെന്ന വ്യാജേനെ മുറിയില്‍ നിന്നിറങ്ങിയെക്കണം .അവര്‍ ചോദിച്ചാല്‍ പറയേണ്ട കമ്പനിയുടെ പേരും അവന്‍ തന്നെ പറഞ്ഞു തന്നു .അങ്ങനെ മുറയില്‍ ജോലിയില്ലാത്ത ഞാനും ഒരു നല്ല വലിയ കമ്പനിയില്‍  ജോലിയുള്ളവനായി  .ഉച്ചവരെ സി .വി .കൊടുത്ത ഓഫീസുകളിലും ,സിവി കൊടുക്കാനുള്ള പുതിയ ഓഫീസുകളും കമ്പനികളും കണ്ടെത്താലായിരുന്നു .
ഉറങ്ങി, ഉറങ്ങി  മടുത്ത ഉഷ്ണകാറ്റുള്ള   വൈകുന്നേരം സലാം സ്ട്രീട്ടിലെ മസ്ജിദുല്‍ സബാഹ ക്ക് മുന്നിലുള്ള ഒഴിഞ്ഞ ബഞ്ചില്‍  ഒരു മിസ്ഡ് കോളുകൊണ്ട് ഏത് തരം മദ്യവും ,ഏത് ഭാഷ സംസാരിക്കുന്ന വേശ്യകളെയും മുറിയില്‍ എത്തിക്കാവുന്ന തരത്തിലേക്ക് വളര്‍ന്ന 
ഒരു അറബ് രാജ്യത്തിന്റെ നാഗരികതയില്‍ കൌതുകംപ്പൂണ്ടു ഞാനിരുന്നു അവിടെ വെച്ചാണ് 
വെളുത്ത് മെലിഞ്ഞ സാമാന്യ പൊക്കമുള്ള കണ്ണട വെച്ച ഒരു കണ്ണൂര്‍ക്കാരന്‍ യുവാവിനെ പരിചയപ്പെടുന്നത് .പ്രവാസത്തില്‍ (പ്രയാസത്തില്‍ ) ഓരോ പരിചയപ്പെടലുകളും  ഒരു സാധ്യത യാണെന്ന് മനസ്സിലാക്കിയിരുന്നു .പേരും ,നാളും ജാതകവും ഇപ്പോള്‍ ജോലിയില്ലെന്നും വല്ല ജോലിക്കുള്ള സാധ്യതയുണ്ടോ എന്നും തിരക്കി ഞങ്ങള്‍ പരിചയപെട്ടു മൊബൈല്‍ നമ്പര്‍ കൊടുത്തു ഉണ്ടങ്കില്‍ വിളിക്കാമെന്നും പറഞ്ഞു അവന്‍ പോയി .വൈകിയില്ല പിറ്റേന്ന് തന്നെ അവന്‍ വിളിച്ചു.ജോലിയുണ്ട് ഓഫീസി സെക്രടറിയായി ആറു മാസത്തെ ലീവ് വെക്കന്‍സിയാണ് പക്ഷെ 500 DHS  അവനു  കൊടുക്കണം 1500 DHS ശമ്പളം ,താമസം സൌജന്യം ലേബറിനെ ഒന്നും പേടിക്കേണ്ട കാര്യമേ ഇല്ല .ഞാന്‍ രാത്രി ജാമാലിനെ പോയി കണ്ടു കാര്യങ്ങള്‍ പറഞ്ഞു അവന്‍ തന്നെ വേണം പണം സങ്കടിപ്പിച്ചു തരാന്‍ 900 DHS മാത്രം ശമ്പള മുള്ള അവന്‌  അപ്പോള്‍  തന്നെ ഞാന്‍ വലിയ ബാധ്യതയാണ് ഇനി ഇതും കൂടി .
നിനക്ക് ആളെ നേരത്തെ പരിചയമുണ്ടോ ...?
ഇല്ല എന്നും ഇന്നലെ പരിചയപ്പെട്ടതാണെന്നും പറഞ്ഞു. പറ്റിക്കപെടുമോ എന്നചോദ്യത്തിന് ധൈര്യപ്പൂര്‍വ്വം ഇല്ലെന്നു തലയാട്ടി അതിന് എനിക്ക് തോന്നിയ ചില കാരണങ്ങളുണ്ടായിരുന്നു.അയാളുടെ കണ്ണട ചില്ല് വളരെ കട്ടികൂടിയതും വളരെ കൂടിയ ലെന്‍സ്‌ പവരുമുണ്ടായിരുന്നു .
പലപ്പോഴും കണ്ണട എടുത്തു മാറ്റുമ്പോള്‍ അരികിലുള്ള എന്നെപ്പോലും അയാള്‍ക്ക്‌ കാണുന്നുണ്ടായിരുന്നില്ല എന്ന് എനിക്ക് മനസ്സിലായിരുന്നു .ഇത്തരത്തിലുള്ള ഒരാള്‍ പറ്റിക്കുകയില്ല എന്ന് എനിക്കെന്തോ വല്ലാത്ത വിശ്വാസം തോന്നി .അതും അന്യ നാട്ടില്‍ വെച്ച്  പിറ്റേന്ന് അവന്‍ വീണ്ടും വിളിച്ചു ഖലീഫ റോഡിലേക്ക് ചെല്ലാന്‍ ആവശ്യപെട്ടു പറഞ്ഞ സമയത്ത് പറഞ്ഞ സ്ഥലത്ത് ഞങ്ങള്‍ കണ്ടു മുട്ടി .അവന്‍ ആര്‍ക്കൊക്കെയോ ഫോണ്‍ ചെയ്തു എന്നെ ഒരു ഓഫീസിലേക്ക് ക്കൂട്ടി കൊണ്ട് പോയി പുറത്തിരിക്കാന്‍ പറഞ്ഞു .പണവും വാങ്ങി കൊണ്ട് അവന്‍ ഓഫീസിനകത്ത് ആരോടോ സംസാരിക്കുന്നത് ഞാന്‍ കണ്ടു .കനമുള്ള നിമിഷങ്ങളില്‍ ഞാന്‍ മണിക്കൂറുകളോളം  പുറത്തിരുന്നു .അവന്‍ ആ വഴി വന്നതേ ഇല്ല .മൊബൈല്‍ ഒഫ്ഫായിരിക്കുന്നു .ഓഫീസില്‍ കയറി അന്വേഷിച്ചു. അവനെ ആര്‍ക്കും പരിചയമില്ല . ജമാലിനെ കണ്ടു അവനോട് ഒന്നും പറയേണ്ടി വന്നില്ല .കണ്ണ് കാണാതാവുന്നതും കാണുന്നതും പറ്റിക്കാനും പറ്റിക്കപെടാനും ഒരു കാരണമല്ലെന്ന് പഠിചെന്കില്‍ നന്ന്   എന്ന് മാത്രം പറഞ്ഞു പട്ടാണി റെസ്ടോരണ്ടിലെ  തണ്ടൂരി റൊട്ടിയും മട്ടന്‍കടായിയും വാങ്ങി തന്നു 
പിന്നീടുണ്ടായ ജോലിയില്ലാത്ത ഒരു പകല്‍ കാമ്പസ് അനുഭവത്തെ കുറിച്ച് എഴുതാന്‍ റേഡിയോ ആവശ്യപെടുന്നു .എന്‍റെ  കാമ്പസ് അനുഭവം എഴുതി അയച്ചു രണ്ടു ആഴ്ചകളിലായി റേഡിയോ നാടകമായി മനീഷയും ,അന്‍വര്‍ പലേരിയും അവതരിപ്പിച്ചതിന്റെ പിറ്റേ ദിവസം എനിക്കൊരു ഫോണ്‍ വന്നു.അനുഭവം വളരെ നന്നായിരുന്നെന്നും തീവ്രമായിരുന്നെന്നും പറഞ്ഞു .കൂടുതല്‍ സംസാരിച്ചു ഞങ്ങള്‍ കൂടുതല്‍ പരിചയപ്പെട്ടു അയാള്‍ അബുധാബിയിലെ  ലെ മരിടിയന്‍ എന്ന പഞ്ച നക്ഷത്ര ഹോട്ടലിലാണ് ജോലി എന്നും പറഞ്ഞു .എനിക്ക് ജോലിയില്ലെന്നും  തരപ്പെടുത്താന്‍ വല്ല മാര്‍ഗവുമുണ്ടോ എന്നും  ആരാഞ്ഞു.മിനാ റോഡിലെ ഗ്രേ മെക്കന്‍സിക്ക് മുകളിലുള്ള അഞ്ചാമത്തെ നിലയിലെ മുറിയില്‍ വെച്ച് ഞങ്ങള്‍ നേരില്‍ കണ്ടു ഓരോ പരിചയപ്പെടലുകളില്‍ പറ്റിക്കപെടാതിരിക്കാനുള്ള സാധ്യതയും ഉണ്ടാവുമായിരിക്കും .ലെ മേരിടിയന്‍ എന്ന  ഹോട്ടലില്‍ എക്സ്ട്രാ സ്റ്റാഫ് എന്ന പേരില്‍ താല്‍ക്കാലികമായി ആളുകളെ എടുക്കുന്നുന്ടെന്നും ഹോട്ടലിലേയ്ക്ക് വരാനും (അയാളുടെ പേര് ഇന്നെനിക്ക് ഓര്‍മയില്ല,ഇനി ഏതെങ്കിലും ആള്‍ക്കൂട്ടത്തില്‍ വെച്ചു കണ്ടാല്‍ തിരിച്ചറിയുമോ ആവോ  )ആവശ്യപ്പെട്ടു .ഹോട്ടലിലെ ജോര്‍ദാന്‍ കാരനായ സൂപ്പര്‍ വൈസരെ കണ്ടു സംസാരിച്ചു എക്സ്ട്രാ സ്റ്റാഫ് ആയി എന്നെ കൊണ്ട് വന്നവന്റെ അസിസ്റ്റന്റ്റ് ആയി ജോലിക്ക് വെച്ചു.അയാള്‍ ഒരു ചിത്രകാരനായിരുന്നു അയാള്‍ക്ക്‌ ഒരു അസിസ്റ്റണ്ടിന്റെ ആവശ്യമേ ഇല്ലായിരുന്നു പാര്‍ട്ടികളില്‍ ഇന്ടിരീയര്‍ ജോലിയായിരുന്നു അയാള്‍ക്ക്‌ .ചിത്ര കലയുമായി ഒരു ബന്ടവുമില്ലാത്ത ഒരു ബ്രഷ് പോലും ശരിയാം വണ്ണം പിടിച്ചിട്ടില്ലാത്ത എനിയ്ക്ക് എങ്ങനെയാണ് താങ്കളെ സഹായിക്കാനാവുക .അയാള്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു .കഥകള്‍ കവിതകള്‍ എന്‍റെ ഇഷ്ട്ടങ്ങളാണ് താങ്കള്‍ എനിക്ക് വേണ്ടി ഇത്തിരി കവിതകള്‍ ചൊല്ലുക ആ ബ്രഷ് കയ്യിലെടുത്തു വെച്ചു നമുക്ക് എഴുത്തിനെയും സാഹിത്യത്തെയും കുറിച്ച് സംസാരിക്കാം .അത്ര മാത്രം താങ്കള്‍ എനിക്ക് വേണ്ടി ചെയ്യണം .അടുത്തു ആളുകള്‍ ഇല്ലാത്ത സമയത്തൊക്കെ അയാള്‍ക്ക്‌ വേണ്ടി ഞാന്‍  കവിതകള്‍ ചൊല്ലി കഥകള്‍ പറഞ്ഞു ,വാക്കാതുവ ട്ടെറസ് റെസ്റ്റോറനടിന്റെ ചുമരുകളില്‍ വരാനിരിക്കുന്ന അതിഥിക്കായി അയാള്‍ ചിത്രം വരച്ചു 
ഇതിനിടയില്‍ ചെറിയൊരു ഭാഗത്തെക്കൂടെ  പരാമര്‍ശിച്ചു പോകുന്നു .ബീച്ച് ബാറിന്റെ ഒറ്റപ്പെട്ട ചുമരുകളില്‍ അയാള്‍ അവസാന വട്ട മിനുക്ക്‌ പണി നടത്തുന്നു .ബീച്ചില്‍ ബിക്കിനിയിട്ട മദാമമാര്‍  മലര്‍ന്നു കിടക്കുന്നു കണ്ണുകള്‍ കൊണ്ട് ബലാല്‍സംഗമരുതെന്ന  നിയമത്തിനു  വഴങ്ങി ഞങ്ങള്‍ ജോലിയില്‍ മാത്രം ശ്രദ്ധയിലിരിക്കെ കണ്ണുകളില്‍ കടലിനേക്കാള്‍    ആഴവുമായി ഒരു സ്ത്രീ  പര്‍ദ്ദയിട്ട്  ഞങ്ങള്‍ക്കരികിലൂടെ  കടന്ന് പോയി ഏതെങ്കിലും അറബി പെണ്ണാവണം പര്‍ദ്ദ എന്ന വസ്ത്രദാരണം കൊണ്ട് മാത്രം ഞാന്‍ അങ്ങനെ അളക്കുന്നു   (സ്വദേശി ആയാലും ,വിദേശി ആയാലും ).കൂടുതല്‍ സമയമൊന്നും വേണ്ടി വന്നില്ല  ബീച്ചില്‍ നിന്ന് സ്വതന്ദ്രമായി ആ സ്ത്രീ വസ്ത്രം മാറുന്നു ബിക്കിനിയിട്ട്    കടലിന്റെ നീല വെളിച്ചത്തിലേക്ക് ഊളിയിട്ടു പോയി ,ബഞ്ചില്‍ മറ്റ് വസ്ത്രങ്ങളോടൊപ്പം പര്‍ദ്ദ വിശ്രമിക്കുന്നു .അയാള്‍ എന്നെ നോക്കിച്ചിരിച്ചു ,ഒരു മുസല്‍മാനായത് കൊണ്ടാവണം ആ ചിരി ഇപ്പോഴും എന്നെ കൊളുത്തി വലിക്കുന്നുണ്ട് .പതിവ് പ്പോലെ പിറ്റേന്നത്തെ പകലുകളിലും 
ഞാന്‍ അയാള്‍ക്ക്‌ വേണ്ടി കവിത ചൊല്ലി ,
 ബഷീറിന്റെ ,കേശവദേവിന്റെ .എം ടി യുടെ അനുഭവങ്ങള്‍ കീറി അയാള്‍ക്ക്‌ കൊടുത്തു,ഷെല്ലിയുടെയും കീട്ട്സിന്റെയും കവിതകള്‍ക്കൊപ്പം എന്‍റെ ഇംഗ്ലീഷ് ലെക്ട്ച്ചരെ അയാള്‍ക്ക് മുന്നില്‍ പുനരവതരിപ്പിച്ചു,ജിബ്രാന്റെ ,റൂമിയുടെ ഏറ്റവും മനോഹരമായ വരികള്‍ , മാധവികുട്ടിയുടെ എഴുത്തിന്റെ നഗ്നതകള്‍ , ഷഹര്‍ സിയാദയുടെ രാത്രികളെ ഓര്‍മിച്ച്,സാദ് പറഞ്ഞുകൊടുത്ത കഥകളില്‍ അടിവരയിട്ട്, അങ്ങനെ അയാള്‍ വായിച്ചിട്ടില്ലാത്ത അനുഭവിച്ചിട്ടില്ലാത്ത ഓരോ കഥകള്‍ ഓരോ ദിവസവും ഞാന്‍ അയാള്‍ക്ക്‌ പറഞ്ഞു കൊടുത്തു  കഥകള്‍ പറഞ്ഞ് കവിതകള്‍ ചൊല്ലി ഒന്‍പത് മാസക്കാലം അയാളുടെ അസിസ്റ്റന്റായി ജോലി ചെയ്തു. തരക്കേടില്ലാത്ത ശമ്പളവും ശാപ്പാടും തരപ്പെട്ടു .ഇംഗ്ലീഷ് സാഹിത്യത്തില്‍  ഞാന്‍ പഠിച്ചെടുത്ത അക്കാദമിക് ബിരുദമേ മലയാള സാഹിത്യമേ നിനക്ക് സലാം ...
    
(ഇനി ഏത് ആള്‍ കൂട്ടത്തില്‍ കണ്ടാല്‍ പോലും എന്നെ പറ്റിച്ചു കടന്ന് പോയ കണ്ണൂര്‍ക്കാരനെ ഞാന്‍ തിരിച്ചറിയുമെന്നു വിശ്വസിക്കുന്നു .അതെ സമയംതന്നെ നല്ല ശമ്പളവും ശാപ്പാടും തരപ്പെടാന്‍ കൈനീട്ടി തന്ന  മനുഷ്യനെ തിരിച്ചറിയുമെന്നു കരുതാന്‍ എനിക്കാവുന്നുമില്ല 
ഇത് എന്തു തരം മാജിക് ആയിരിക്കും ...കൈ തന്നവനെ മറന്നു പോകുന്ന ,കിട്ടാനുള്ളത് മാത്രം ഓര്‍ത്തെടുക്കുന്ന ഒരു തരം മലയാളി മാജിക്ക് ആയിരിക്കാമോ )


സി(ശി)വമല്ലിക 

പാട്ട 

പാട്ട 
ഇരുമ്പ് 
കുപ്പി 
പ്ലാസ്റ്റിക്
പഴയ  പാത്രങ്ങള്‍ 
എടുക്കാനുണ്ടോ 
ഒരു നാടോടി പെണ്ണിന്റെ ശബ്ദം കേട്ടു 
 ഉമ്മറത്തെ കരിങ്കല്‍ തൂണില്‍ ചാരിയിരുന്ന് വായിച്ചിരുന്ന  പുസ്തകത്തിന്‍റെ 
വരികള്‍ ക്കിടയില്‍ നിന്ന് ഞാന്‍ തല ഉയര്‍ത്തി നോക്കി 
ആ നാടോടി പെണ്ണ് എന്നെ നോക്കി ചിരിച്ചു 
ഞാനും 

ഹൃദയത്തിന്‍റെ പുറമ്പോക്കിലത്രയും കവിതയും വിപ്ലവവും കാടു പിടിച്ച്   കാലം പ്രത്യേകിച്ച് പണികളൊന്നുമില്ല. നേരം വെളുത്താല്‍ ജി എഫ് യു പി സ്കൂളിന്‍റെ വരാന്തയില്‍ കൂട്ടുകാരുടെ ഇല്ലാ കഥകള്‍ കേട്ടിരിക്കും .പത്തു മണിയാവുമ്പോഴേക്കും സ്കൂള്‍ കുട്ടികള്‍ വന്നു തുടങ്ങും ,പിന്നെ സ്കൂള്‍ മുറ്റത്തെ മാങ്ങ പറിച്ച് കുട്ടികള്‍ക്കൊപ്പം ഞങ്ങളും തിന്നും ,കുട്ടികളോടൊപ്പം പാട്ടു പാടും  .പിന്നെയും കുറെ കഴിഞ്ഞാകും അദ്ധ്യാപകരുടെ വരവ് (എവിടെ സര്‍ക്കാര്‍ സ്കൂളുകള്‍ ഉണ്ടോ അവിടം ചുറ്റി പറ്റി ഇത്തിരിയോളം സാമൂഹ്യ ദ്രോഹികള്‍ ഉണ്ടെന്നാണല്ലോ വെപ്പ് ) ആദ്യം വരുന്ന ടീച്ചര്‍ ഞങ്ങളെ ആ സാമൂഹ്യ ദ്രോഹത്തിന്റെ നോട്ടം കൊണ്ട് നേരിടും,ഞങ്ങള്‍ ഓരോ വഴിക്ക് പിരിയും  

എഴുത്തും വായനയുമായി ഉച്ചവരെ വീട്ടില്‍ കഴിച്ചുകൂട്ടും 
ഊണ് കഴിഞ്ഞ് പുതിയങ്ങാടിയിലേക്കിറങ്ങും (സ്കൂളും മൂന്നോ നാലോ കടമുറികളും ,ഒരു ഫ്ലോര്‍ മില്ലും ,പേരിനും അല്ലാതെയും മൂന്ന് നാല്  മുസ്ലിം പള്ളികും മാത്രമുള്ള ചെറിയ അങ്ങാടിയാണ് ) ,ഉച്ചകഴിഞ്ഞാല്‍ വിജനമായ അങ്ങാടി ഉറക്കത്തിന്‍റെ ആലസ്യത്തിലേക്ക്‌ വീഴും
 
ഞാന്‍ മാത്രം ഫ്ലോര്‍ മില്ലിന്റെ നീളന്‍ വരാന്തയില്‍ തൂണും ചാരി ഇരിക്കും,

തൊട്ടടുത്ത് നാടോടികള്‍ പഴയ പാട്ടകളും,കുപ്പികളും പ്ലാസ്റ്റിക് സാധനങ്ങളും  ശേഖരിച്ചുവെച്ചിട്ടുണ്ട് വൈകുന്നേരം എല്ലാം തരം തിരിച്ച് ചാക്കുകളിലാക്കി അവിടെനിന്നും വാഹനത്തില്‍ കയറ്റികൊണ്ട് പോകുകയാണ് പതിവ് 

വീര്യം കുറഞ്ഞ ഉറക്കുഗുളിക കഴിച്ച് ഉറക്കതിനെതിരെ സമരം ചെയ്ത് ഉറങ്ങാതിരിക്കുമ്പോഴുള്ള ലഹരി അനുഭവിച്ചു തുടങ്ങിയത് കോളേജിലെ ഗോവണി ചുവട്ടിലെ കൂട്ടുകാരുടെ കൂട്ടത്തില്‍ നിന്നായിരുന്നു .എഴുത്ത് മാനസികമായ പിരിമുറുക്കം സൃഷിടിക്കുമ്പോള്‍  മില്ലിന്റെ ആളൊഴിഞ്ഞ മൂലയില്‍ ഞാന്‍ ആ കാലം പുന:സ്രഷ്ടിക്കുമായിരുന്നു .

ഉച്ചകഴിഞ്ഞ്ഞാന്‍ വരുമ്പോഴൊക്കെ കറുത്ത് സുന്ദരിയായ മെലിഞ്ഞ ഒരു നാടോടി പെണ്ണ് മുറുക്കി ആഞ്ഞൊന്നു തുപ്പി ദാവണി തുണ്ട് അരയില്‍ തിരുകി ആക്രി സാധനങ്ങളെല്ലാം ചവിട്ടി ഒതുക്കി ഓരോരോ ചാക്കുകളിലാക്കി അടക്കി വെയ്ക്കുന്നുണ്ടാകും 

കുറെ നേരം ഞാന്‍ അതും നോക്കിയിരിക്കും 

എല്ലാ ദിവസങ്ങളിലും ഞങ്ങള്‍ കാണും 
പരസ്പരം ചിരിക്കും 

എന്താ നിന്റെ പേര് 
ഒരു ദിവസം ഞാനവളോട് ചോദിച്ചു 

ഏ ...

ഞാന്‍ ചോദ്യമാവര്‍ത്തിച്ചു

ഏന്‍ മാമന്‍ മുരുകേശന്‍
നാന്‍  സി(ശി )വമല്ലിക

കറുത്ത് മെലിഞ്ഞ ഉയരമുള്ള ഒരാളെ ഇവരുടെ കൂട്ടത്തില്‍ ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട് കുറെ കാലമായി അയാള്‍ ഞങ്ങളുടെ നാട്ടിലുണ്ട് പലര്‍ക്കും അയാള്‍ സുപരിചിതനാണ് അയാളായിരിക്കണം മുരുകേശനെന്ന് ഞാന്‍ ഊഹിച്ചു 

നീങ്കെ ഊരെങ്കെ ..?
ഞാന്‍ മലയാളം എന്ന്പറയാവുന്ന മിഴില്‍ അവളുടെ നാടും വീടും ചോദിച്ചു

എന് ഊര് കമ്പരാജ പുറം   
ഏ..?

ഞാന്‍ ഒന്നുമില്ലെന്ന് തലയാട്ടി 
അവള്‍ അവളുടെ ജോലി തുടര്‍ന്നു കൊണ്ടിരുന്നു 

കുറേ നേരത്തെ മൌനത്തിന് ശേഷം ഞാന്‍ വീണ്ടും ചോദിച്ചു 

നീ കല്യാണം കഴിച്ചിര്‍ക്കാ 

അവള്‍ ചോദ്യം കേട്ടില്ലെന്ന മട്ടില്‍ ജോലിയില്‍ തന്നെ മുഴുകി 

വീണ്ടും ചോദിച്ചപ്പോള്‍ ആഞ്ഞൊന്നു തുപ്പി അവള്‍ നിവര്‍ന്നു നിന്നു 

ഇല്ല ..ഏ..?
അവള്‍ മറുപടി പറഞ്ഞു 

ഞാന്‍ നിന്നെ കല്യാണം കഴിക്കട്ടുമാ 

അവള്‍ ചിരിച്ചു 

ഞാന്‍ ഗൗരവത്തില്‍ തന്നെ വീണ്ടും ചോദിച്ചു 

ഈ വിജനമായ പരിസരത്ത് വെച്ച്  ഒട്ടു പ്രതീക്ഷിക്കാത്ത ഒരു ചോദ്യം കേട്ടിട്ടും അവള്‍ തെല്ലുപോലും പരിഭ്രമിചില്ല പകരം എന്‍റെ അടുത്ത് സിമന്‍റ് തിണ്ണയിലേക്ക് കയറിയിരുന്ന് അരയിലെ  മുറുക്കാന്‍ പൊതിയെടുത്ത് ഒരെണ്ണം എനിക്ക് നേരെ നീട്ടി .  വെറ്റിലയും ചുണ്ണാമ്പും പുരട്ടി ഞാനന്ന്  .
ജീവിതത്തിലാദ്യമായി മുറുക്കി .

പിന്നെ അവള്‍ പഴയ ചാക്ക് തോളില്‍ കയറ്റി പതുക്കെ പറഞ്ഞു 

ഭയപ്പെടുത്താതുങ്കോ സാര്‍ 
ജീവിതംകാട്ടി, ഭയപ്പെടുത്താതുങ്കോ  സാര്‍ 

(ചിലരങ്ങനെയാണ് ഒറ്റ വാക്ക് കൊണ്ട് തകര്‍ത്തുകളയും ജീവിതത്തിന്‍റെ വലിയ ഫ്രെയിം )


എന്‍റെ ചോദ്യം വെറും തമാശ മാത്രമായിരുന്നോ എന്ന് പിന്നീട് പലവട്ടം ഞാന്‍ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട് 

 സൂസന്‍ മേരിജോര്ജ്


ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ 

ഫോണിന്‍റെ അങ്ങേ തലക്കല്‍ നിന്ന് അവളുടെ ചിതറുന്ന ശബ്ദം കേള്‍ക്കും 

എടി കന്യാ മറിയമേ 
നീ ഇതെവിടെ നിന്നാ വിളിക്കുന്നേ 
വല്ലപ്പോഴും കേള്‍ക്കുന്ന അവളുടെ ശബ്ദത്തില്‍ ഞാന്‍ സന്തോഷവാനാകും 

എടാ 
ഞാന്‍ എന്നും എല്ലാ പത്രങ്ങളിലെയും ചരമകോളത്തില്‍ തിരയും  
നിന്‍റെ മരണ വാര്‍ത്തയുണ്ടോ എന്ന് 
അവള്‍ ചിരിച്ചു കൊണ്ട് മറുപടിപറയും 

 
സുഹൃത്ത് എന്ന വാക്കിന്‍റെ വിശാലതയില്‍ ഒരു പക്ഷെ എനിക്ക് ആകെ ഉണ്ടായിരുന്നത് മേരി സൂസന്‍ ജോര്‍ജ്  മാത്രമായിരുന്നിരിക്കണം 

നവ മാധ്യമങ്ങളുടെ ഓര്‍ക്കൂട്ട് കാലത്ത് അവിചാരിതമായി കൂട്ടുകൂടിയ പ്രൊഫൈല്‍ ഫ്രണ്ടായിരുന്നു  ക്രിസ്തുവിന്റെ കാമുകി മേരി സൂസന്‍ ജോര്‍ജ് .

നിനക്കെങ്ങനെ ഒരു കന്യാ സ്ത്രീ ആവാന്‍ കഴിഞ്ഞുവെന്ന്  തമാശയില്‍ പൊതിഞ്ഞ ആശ്ചര്യത്തോടെ ഞാന്‍ പലപ്പോഴും അവളോട്‌ ചോദിച്ചിട്ടുണ്ട് 
ക്രിസ്തു കണ്ണു കയ്യും കാട്ടി വീഴ്ത്തിയതാ പിന്നെ പുള്ളിക്കാരനെ തന്നെ കെട്ടാമെന്ന് ഞാനും കരുതി അവള്‍ അതേ താളത്തില്‍ മറുപടി പറയും 

എടാ ഞാനിപ്പോള്‍ വയനാട്ടിലുണ്ട് രണ്ട് രാത്രിയും ഒരു പകലും ആ ദിവാസികുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കു മൊപ്പം ഒരു ക്യാമ്പ് തൊട്ടടുത്ത പകലില്‍ നിന്നെയും കാണാമെന്നു കരുതുന്നു തിരക്കുണ്ടോ നിനക്ക് 

വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ മാത്രം വീണു കിട്ടുന്ന സന്ദര്‍ശനം എത്ര തിരക്കുണ്ടങ്കിലും ഞാന്‍ മാറ്റിവെക്കും കാരണം അവള്‍ എനിക്ക് ഒരു അത്ഭുതമായിരുന്നു 

നല്ല വായനക്കാരി , ഓരോ വിഷയത്തിലും ആധികാരികമായി തിരിച്ചറി വുള്ളവള്‍ ,തലക്കെട്ടില്ലാത്ത കുത്തിവരകളില്‍ കവിത ഒളിപ്പിക്കുന്നവള്‍
മരണമെന്ന വിഷയത്തില്‍ മാത്രം എത്ര പറഞ്ഞാലും മതി വരില്ല അവള്‍ക്ക് 
നീ തിരുവസ്ത്രമിട്ട യക്ഷിയല്ലലോ എന്ന് ചിരിച്ചു കൊണ്ട്ഞാനവളെ നുള്ളി നോക്കും 

ചിലപ്പോഴെങ്കിലും അവളെ വിശ്വസിക്കാനാവില്ല മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിനു മുന്നില്‍  രാവിലെ മുതല്‍ വൈകുന്നേരം വരെ എന്നെ കാത്തു നിര്‍ത്തിയിട്ടുണ്ട് 

 നീ മടങ്ങി പോകുന്നത് ഞാന്‍ ഒറീസ്സയില്‍ ഇരുന്നു കൊണ്ട് കാണുന്നുണ്ടായിരുന്നു  ധ്യാനം കൂടി നീ നന്നാവട്ടെ എന്ന്  കരുതിയത് തെറ്റാണോ 

ഞാന്‍ ദേഷ്യപ്പെട്ട് ഫോണ്‍ കട്ട് ചെയ്തു ,അവള്‍ പിന്നെയും വിളിച്ചു 
ഈ മത്തായിച്ച നിങ്ങനെയാ ..ഒന്ന് പറഞ്ഞു രണ്ടാമത്തതിന് വാതിലടച്ച് കുറ്റിയിട്ടു കളയും അവള്‍ ചിരിച്ചു ആ ചിരിയില്‍ പിണക്കങ്ങളെല്ലാം ഒഴുകിപ്പോയി 

നഗര തിരക്കില്‍ , പബ്ലിക് ലൈബ്രറിയുടെ വരാന്തയില്‍ ,ലൂര്‍ദ്ദ് പള്ളിയുടെ കല്‍പ്പടിയില്‍ ,DC ബുക്സിന്‍റെ അലമാരകളില്‍ കവിതകള്‍ തിരഞ്ഞ് വെറും കയ്യോടെ മടങ്ങിയ വൈകുന്നേരങ്ങള്‍ 

നീ ഓര്‍ത്തു നോക്കിക്കേ 
മരിച്ചു പോയവരുടെ ചുണ്ടില്‍ അകത്തേക്കോ പുറത്തേക്കോ എന്ന് പറയാനാവാത്തവിധം പിടഞ്ഞുപോയ അവരുടെ അവസാനത്തെ വാക്കുകള്‍ ഉണ്ടാവില്ലേ ഓരോ ചുണ്ടുകളിലും. . മരിച്ചു പോയവരുടെ എല്ലാവരുടെയും ചുണ്ടുകളില്‍ നിന്ന് അവയെല്ലാം അടര്‍ത്തിയെടുത്ത് നിവര്‍ത്തിവെച്ചാല്‍ കിട്ടുന്ന ആ വലിയ വാചകം എന്തായിരിക്കും 
കുട്ടികളുടെ ഹൈഡ് ആന്‍ഡ്‌ സീക്ക് കളിപോലെ ഏത് വലിയ രഹസ്യത്തിലേക്കായിരിക്കും വാതില്‍ തുറക്കുക 

എന്തുപറ്റി എന്നര്‍ത്ഥം വന്നേക്കാവുന്ന വിധത്തില്‍ ഞാനവളെ നോക്കി 
അവള്‍ പിന്നെയും പറഞ്ഞു 
എന്‍റെ കൂടെ കളിച്ച് 
ഒപ്പം പഠിച്ച കൂട്ടുകാരിയുടെ ഭര്‍ത്താവ് രണ്ട് ദിവസം മുമ്പ് മരിച്ചുപോയി ,ആ രാത്രി മുഴുവന്‍ ഞാന്‍ അവളെ കെട്ടിപ്പിടിച്ചു ,ഞങ്ങള്‍ ഉറങ്ങാതിരുന്നു 
ഇപ്പോള്‍ എല്ലാവരും പോയികാണും ,അവള്‍ മാത്രം ഒറ്റയ്ക്കായി കാണും ,പ്രണയ വിവാഹമായിരുന്നു , അവന്‍ എന്‍റെ കൂടി BEST FRIEND ആയിരുന്നു 
അവള്‍ കുരിശു വരച്ചു 
ഫോണെടുത്ത് ആര്‍ക്കോ വിളിച്ചു ,  ,അവള്‍ വീണ്ടും വിളിച്ചു 
മരിച്ചു പോയെങ്കിലെന്താ വിളിച്ചാല്‍ ഫോണൊന്ന് എടുത്തുക്കൂടെ അവന് ,ആത്മഗതം പോലെ  പിറു പിറുത്തു 
മരിച്ചു പോയവന്റെ ഫോണിലേ ക്കാണ്‌ അവള്‍ വീണ്ടും വീണ്ടും വിളിക്കുന്നതെന്ന് മനസ്സിലായി 
എനിക്കൊട്ടും അത്ഭുതം തോന്നിയില്ല  കാരണം അവള്‍ ഇങ്ങനെയൊക്കെയാണ്,(ഇതൊക്കെ തന്നെയാണ് ഞങ്ങളുടെ സൗഹൃദത്തിന്‍റെ ഹേതുവും)  

ട്രെയിന്‍ വരാന്‍ ഇനിയും നേരമുണ്ട് 
വാച്ചില്‍ സമയം നോക്കുന്നത് കണ്ട് ഞാന്‍ പറഞ്ഞു 

സാരമില്ല സ്റ്റെഷനിലോട്ട് നമുക്ക് പതുക്കെ നടക്കാം അവള്‍ പതുക്കെ പറഞ്ഞു 

റൌണ്ടിലെ തിരക്കുള്ള റോഡ്‌ മുറിച്ചു കടന്ന് പാലസ് റോഡിലൂടെ ഞങ്ങള്‍ റെയില്‍വേ സ്റ്റേശഷനിലെത്തി 

രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ തിരക്ക് നന്നേ കുറവ് ,
അടുത്ത് കണ്ട ഒഴിഞ്ഞ കല്‍ ബെഞ്ചില്‍ അവളിരുന്നു ,ഞാന്‍ അപ്പുറത്തെ കോഫി ഷോപ്പില്‍ നിന്ന് രണ്ട് കപ്പ് കാപ്പി വാങ്ങി ഒന്ന്അവള്‍ക്ക് നീട്ടി 

ഇനി എന്നാണ് 

മൗനം മുറിക്കാന്‍ ഞാന്‍ തുടക്കമിട്ടു 
ഉം ...
അവള്‍ ഒന്ന് മൂളുക മാത്രം ചെയ്തു , ആ മരണം അവളെ വല്ലാതെ മുറിവേല്‍ പ്പിച്ചിരിക്കുന്നു 

മൗനം അല്‍പ്പനേരം കൂടെ തുടര്‍ന്നു , 
 
തോളില്‍ തൊട്ട് വിളിച്ച് കൈനീട്ടിയ തമിഴത്തി പെണ്‍കുട്ടിക്ക് അവളൊരു മിട്ടായി കൊടുത്തു 

എടാ നമ്മള്‍ മരിച്ചു കഴിയുമ്പോള്‍ എല്ലാവരും ചേര്‍ന്ന് നമ്മളെ മണ്ണിന്‍റെ ആഴങ്ങളിലേക്ക് ഇറക്കി വെക്കുന്നു 
എനിക്ക് പലപ്പോഴും തോന്നിയി ട്ടുണ്ട് പ്രിയപ്പെട്ടവരെല്ലാം ചേര്‍ന്ന് നമ്മളെ ഒരു റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു പോയി യാത്രയാക്കുകയാണെന്ന് .
യാത്രയില്‍ കഴിക്കേണ്ട മരുന്നുകള്‍ പൊതിഞ്ഞു തരുമ്പോലെ , നെറ്റിയില്‍ അവര്‍ ചുവന്ന ചുംബനങ്ങള്‍ നല്‍കുന്നു  ,എല്ലാവരും പോയി കഴിയുമ്പോള്‍ മണ്ണിന്‍റെ ആഴങ്ങളില്‍ ഒരു തീവണ്ടി വന്നു നില്‍ക്കും ,നമ്മള്‍ അതില്‍ ആദ്യത്തെ ബര്‍ത്തില്‍ കയറി കിടക്കും ,ഓരോ സ്റ്റെഷനിലും നിര്‍ത്തി ,നിര്‍ത്തി ആ തീവണ്ടി പതുക്കെ ,പതുക്കെ പോയി കൊണ്ടേയിരിക്കുകയാകും 

സമയം പതുക്കെ നീങ്ങുന്നു 

ഇന്ത്യന്‍ റെയില്‍വേ യുടെ അലിഖതം നിയമം പാലിച്ചു കൊണ്ട് ട്രെയിന്‍ നാല്‍പ്പത്തി അഞ്ച് മിനിറ്റ് വൈകി വന്നു 

അവള്‍ തിരക്കിട്ട് അകത്തു കയറി 

ഞാന്‍ തിരിഞ്ഞു നോക്കാതെ പുറത്തേക്ക് നടന്നു 
.
വൈകിയാണ് വീട്ടിലെത്തിയത് ,വന്നപ്പാടെ ഉറക്കത്തിലേക്ക് വീണു,ഒരുറക്കം കഴിഞ്ഞപ്പോഴേക്കും ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങി 

നീ ഉറങ്ങിയോ 
ഉം ..ഞാനൊന്നു മൂളുക മാത്രം ചെയ്തു 

എവിടെ എത്തി 
അറിയില്ല 
നീ ഉറങ്ങിയില്ലേ ..?
ഇല്ല 
ലൈറ്റ് അണച്ച് മറ്റെല്ലാവരും ഉറക്കത്തിലാണ് 
എല്ലാവരും ഉറങ്ങി കിടക്കുമ്പോള്‍ നിറയെ ശവങ്ങള്‍ മാത്രമുള്ള ഒരു വണ്ടിപോലെ തോന്നുന്നു ,ശവങ്ങളുടെ കാവല്‍ക്കാരിയായി ഞാന്‍ മാത്രം ഉണര്‍ന്നിരിക്കുന്നു 

ശുഭരാത്രി നീ ഉറങ്ങിക്കൊള്ളു അവള്‍ പറഞ്ഞു 
ഞാന്‍ ശുഭയാത്ര നേര്‍ന്നു 
-----


(സൂസന്‍ മേരിജോര്ജ് ഇത്രയും കാലം ഞാന്‍ നിന്‍റെ ഓര്‍മകളെ എന്‍റെ തൊടിയില്‍ മാത്രം കെട്ടിയിട്ട് വളര്‍ത്തുകയായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഈ രാത്രി ഞാന്‍ ഈ കുറിപ്പ് കൊണ്ട് കെട്ടഴിച്ച് മേയാന്‍ വിടുകയാണ് നീ എന്നോട് ക്ഷമിക്കുക )



ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ